4 November 2015

പ്രിന്‍റര്‍ ലേസറോ, ഇങ്ക് ജെറ്റോ?


പലരും ചോദിക്കാറുള്ള ചോദ്യമാണ് പ്രിന്‍റര്‍ വാങ്ങുമ്പോള്‍ ഏത് തരമാണ് വാങ്ങേണ്ടതെന്ന്. വീട്ടില്‍ ഉപയോഗിക്കാന്‍ വേണ്ടി പ്രിന്‍റര്‍ വാങ്ങുന്നവര്‍ക്ക് പലര്‍ക്കും അതിന് കൃത്യമായ ഒരുപയോഗമൊന്നും കാണില്ല. കുട്ടികള്‍ക്ക് പ്രൊജക്ട് പ്രിന്‍റെടുക്കാനോ, വല്ലപ്പോഴും ഇന്റര്‍നെറ്റില്‍ നിന്ന് എന്തെങ്കിലും പ്രിന്റുകളെടുക്കാനോ ആവും ഉപയോഗിക്കുക. അതു തന്നെ മാസത്തിലൊരു തവണയൊക്കയാകും.
വീടുകളിലേക്ക് പ്രിന്‍റര്‍ വാങ്ങുന്നതിന് മുമ്പ് അതിന്‍റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ച് പണം മുടക്കുന്നതിന് എന്തെങ്കിലും ഫലം വേണമെന്ന് ചിന്തിക്കുന്നവര്‍. ഏറെക്കാലം ഉപയോഗിക്കാതെ വച്ചാല്‍ പ്രിന്‍റര്‍ കേടാകാനും, മഷി ഉപയോഗശൂന്യമാകാനും സാധ്യതയുമുണ്ട്.
ഇങ്ക് ജെറ്റ്, ലേസര്‍ പ്രിന്‍റുകളുടെ വ്യത്യാസം അറിയാത്തവര്‍ക്കായി ചില വിവരങ്ങള്‍…
1. ഇങ്ക് ജെറ്റ് പ്രിന്‍റുകള്‍ വില കുറഞ്ഞവയാണ്. മൂവായിരം രൂപക്ക് താഴെ മുടക്കിയാല്‍ പ്രിന്‍റര്‍ ലഭിക്കും. എന്നാല്‍ ലേസര്‍ പ്രിന്‍റിന് വിലകൂടും. ഏകദേശം ഏഴായിരം രൂപയോളം മുടക്കിയാലേ സാമാന്യം നല്ല ഒരു ലേസര്‍ പ്രിന്‍റര്‍ ലഭിക്കൂ.
2. ഇങ്ക് ജെറ്റ് പ്രിന്‍റര്‍ മഷിക്ക് കളറിന് ആയിരത്തിനടുത്ത് വില വരും. ബ്ലാക്കിന് ശരാശരി അഞ്ഞൂറ് രൂപയും വരും. എന്നാല്‍ ഒറിജിനല്‍ ലേസര്‍‍ പ്രിന്‍റര്‍ ടോണറിന് നാലിയിരത്തിനടുത്ത് വില വരും.
ഇങ്ക്ജെറ്റ് കാര്‍്ട്രിഡ്ജുകളില്‍ മഷി വീണ്ടും നിറച്ച് ഉപയോഗിക്കാം. ഇവ അടുത്തുള്ള കംപ്യൂട്ടര്‍ സര്‍വ്വീസ് സെന്‍ററുകളില്‍ നിറയ്ക്കുകയോ, മഷി വാങ്ങി ഒരു സിറിഞ്ച് ഉപയോഗിച്ച് സ്വന്തം നിറയ്ക്കുകയോ ചെയ്യാം. ലേസര്‍ പ്രിന്ററിന്‍റെ ടോണറിന് അഞ്ഞൂറ് രൂപക്ക് മേല്‍ വില വരും. സാംസംഗ് പോലുള്ള ചില കമ്പനികളുടെ പ്രിന്ററില്‍ ഒരു ചിപ്പ് കൂടി ഘടിപ്പിച്ചിട്ടുണ്ടാവും. അതിനാല്‍ ടോണര്‍ ഫില്‍ ചെയ്താലും ഈ ചിപ്പ് മാറ്റി വച്ചാലേ വീണ്ടും ഉപയോഗിക്കാനാവൂ. ഇതിന് ഒരു കംപ്യൂട്ടര്‍ വിദഗ്ദന്‍റെ സഹായം തേടാം.
3. ഇങ്ക് ജെറ്റ് സാമാന്യം മികച്ച നിലവാരമുള്ള പ്രിന്‍റ് തരും. എന്നാല്‍ ലേസറില്‍ ഹൈക്വാളിറ്റി പ്രിന്‍റുകള്‍ ലഭിക്കും. തണുപ്പ് കാലത്ത് ഇങ്ക്ജെറ്റ് പ്രിന്‍റുകളില്‍ മഷിയുണങ്ങാന്‍ താമസം നേരിടും. ലേസറില്‍ മഷി ഉണങ്ങിയ ശേഷമാണ് പ്രിന്‍റ് ലഭിക്കുക. അതിനാല്‍ പടര്‍ന്ന് പോകുന്ന പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.
4. ഇങ്ക് ജെറ്റ് പ്രിന്‍റര്‍ വലിയ സ്പീഡില്‍ പ്രിന്‍റ് ചെയ്യുന്നവയല്ല. എന്നാല്‍ ലേസറില്‍ വേഗത്തില്‍ കൂടുതലെണ്ണം പ്രിന്‍റ് ചെയ്യാം.
ചുരുക്കത്തില്‍ ചെറിയ ആവശ്യങ്ങള്‍ക്കും, വീട്ടിലേക്കും വാങ്ങുന്ന പ്രിന്ററുകള്‍ ഇങ്ക്ജെറ്റാവുന്നതാണ് ഉചിതം. ബിസിനസ് ആവശ്യങ്ങള്‍ക്ക് ലേസറും.

No comments:

Post a Comment